എല്ലാമാസവും പോലയല്ല ഈ മാസം കര്‍ക്കടകത്തിന്റെ പ്രാധാന്യം ഇങ്ങനെയൊക്കെ
തോരാത്ത മഴയും പട്ടിണിയും കൊണ്ട് പൊറുതിമുട്ടിയ പൂര്‍വികരാണ് കര്‍ക്കടത്തിന് പഞ്ഞമാസമെന്ന പേര് നല്‍കിയത്. മഴകാരണം ജോലിയില്ലാത്ത അവസ്ഥ. വിളവെടുക്കാനൊന്നുമില്ലാത്ത കൃഷിയിടങ്ങള്‍, പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ തുടങ്ങി കര്‍ക്കടകത്തിലെ ദുരിതങ്ങള്‍ ഒഴിവാക്കാന്‍ നാമസങ്കീര്‍ത്തനത്തെ ആശ്രയിച്ചപ്പോഴാണ് കര്‍ക്കടകത്തില്‍ രാമായണം മുഴങ്ങി കേള്‍ക്കാന്‍ തുടങ്ങിയത്. അങ്ങനെ രാമായണമാസമെന്ന് തന്നെ കര്‍ക്കടകം അറിയപ്പെടാനും തുടങ്ങി. കഷ്ടപ്പാടുകളില്‍ നിന്ന് കരകയറാനുള്ള പ്രാര്‍ത്ഥനയായിരുന്നു പണ്ടുള്ളവര്‍ക്ക് രാമായണപാരായണം. രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോഴേക്കും വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. മനുഷ്യമനസ്സിലെ തിന്‍മയെ ഇല്ലാതാക്കി നന്‍മയെ കണ്ടെത്താന്‍ രാമായണ പാരായണത്തിലൂടെ കഴിയുമെന്നാണ് വിശ്വാസം.
കൊല്ലവര്‍ഷത്തിലെ 12-ആമത്തെ മാസമാണ് കര്‍ക്കടകമാസമായി എത്തുന്നത്. സൂര്യന്‍ കര്‍ക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണിത്. മിഥുനത്തിന് ശേഷമെത്തുന്ന കര്‍ക്കിടകം കോരിച്ചൊരിയുന്ന മഴയുടെ മാസമാണെങ്കിലും അതൊക്കെ മാറിമറിഞ്ഞ് വരികയാണ്. കര്‍ക്കിടകത്തിന് തലേ നാള്‍ വീടും പരിസരവും വൃത്തിയാക്കുകയും ഛേട്ടാ ഭഗവതിയെ പുറത്താക്കി ശ്രീഭഗവതിയെ സ്വാഗതം ചെയ്യുന്ന ചടങ്ങുമുണ്ട്. ശ്രീഭഗവതിയെ സ്വാഗതം ചെയ്യുന്ന ആചാരം വടക്കന്‍ കേരളത്തില്‍ ഇന്നും അനുവര്‍ത്തിക്കുന്നുണ്ട്. രാവിലെ ഉമ്മറക്കോലായിലെ മുറ്റത്തോ ദശപുഷ്പങ്ങള്‍ വെച്ചാണ് ഇവര്‍ ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കുന്നത്.
ആരോഗ്യപരിപാലനത്തിന് ഏറ്റവും മികച്ച സമയമായാണ് കര്‍ക്കടകത്തെ കരുതുന്നത്. ആയുര്‍വേദ ആശുപത്രികളില്‍ ഉഴിച്ചിലിനും തിരുമ്മലിനുമായി ഏറ്റവുമധികം ആളുകള്‍ എത്തുന്നതും ഈ മാസത്തിലാണ്. കര്‍ക്കടത്തിന്റെ മറ്റൊരു പ്രത്യേകതയാണ് കര്‍ക്കടകകഞ്ഞി. നവരയരി, ഉലുവ, ഉണക്കലരി, ചിലപ്പോള്‍ സൂചിഗോതമ്പ് എന്നിവ പച്ചമരുന്നുചേര്‍ത്ത് കഞ്ഞിയാക്കി എടുക്കുന്നതാണ് കര്‍ക്കടകത്തിലെ ഔഷധക്കഞ്ഞിയായി അറിയപ്പെടുന്നകത്. മാസം മുഴുവന്‍ രാത്രിയില്‍ ഈ കഞ്ഞി കുടിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണെന്നാണ് ആയുര്‍വേദം പറയുന്നത്. ഒഷധശക്തി കൊണ്ടും ദഹനശക്തി സുഗമമാകും എന്നതിനാലും നോണ്‍ വെജ് ഉപേക്ഷിച്ച് ഒരുമാസക്കാലം കര്‍ക്കടകകഞ്ഞി കുടിക്കുന്നവര്‍ ധാരാളമുണ്ട്, മാസം മുഴുവനുമോ അല്ലെങ്കില്‍ സൗകര്യവും താത്പര്യവും അനുസരിച്ച്് ഏഴ് ദിവസമോ പതിനാല് ദിവസമോ ഇരുപത്തൊന്ന് ദിവസമോ കഞ്ഞികുടിക്കാമെന്നാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ പറയുന്നത്. കര്‍ക്കിടക കഞ്ഞി പോലെ തന്നെ പ്രാധാന്യമേറിയവയാണ് കര്‍ക്കിടക കുളിയും കര്‍ക്കടക സുഖചികിത്സയും.